Recent Articles

2012 ജൂലൈ 4, ബുധനാഴ്‌ച

ആദര്‍ശ് അഴിമതി: ചവാന്‍ ഉള്‍പ്പടെ 14 പ്രതികള്‍

2012 ജൂലൈ 4, ബുധനാഴ്‌ച - by KERALA IN PIXELS · - 0 Comments

മുംബൈ: ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പടെ 14 പേരെ പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് 17 മാസങ്ങള്‍ക്ക് ശേഷമാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അഴിമതി കേസ് വിവാദമായതോടെയാണ് അശോക് ചവാന് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നത്.

കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളും വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രതിപ്പട്ടികയില്‍ ഇവരുടെ പേരുകള്‍ ഇല്ല. 10,000 പേജുള്ള കുറ്റപത്രമാണ് സെഷന്‍സ് കോടതി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിച്ചത്. കരസേന ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സേനയില്‍ നിന്ന് വിരമിച്ച ചിലരുമാണ് ചവാനെ കൂടാതെ പ്രതിപ്പട്ടികയിലുള്ളത്.

ചവാന്‍ റവന്യു മന്ത്രിയായിരിക്കെ 2000 ത്തില്‍ പ്രതിരോധ ഉദ്യോഗസ്ഥനായ ആര്‍.സി താക്കൂര്‍, എം.എല്‍.സിയായ ഗിഡ്‌വാനി എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി സിവിലിയന്മാരെ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയില്‍ അംഗങ്ങളാക്കാന്‍ നിര്‍ദേശിച്ചതായി സി.ബി.ഐ ആരോപിക്കുന്നു.

എം.എല്‍.എമാര്‍ക്ക് കാര്‍: തീരുമാനം പിന്‍വലിച്ചു

- by KERALA IN PIXELS · - 0 Comments

ലഖ്‌നൗ: എം.എല്‍.എമാര്‍ക്ക് കാര്‍ നല്‍കാനുള്ള തീരുമാനം യു.പി സര്‍ക്കാര്‍ പിന്‍വലിച്ചു. സ്വന്തമായി കാര്‍ ഇല്ലാത്ത എല്ലാ എം.എല്‍.എമാര്‍ക്കും കാര്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. 20 ലക്ഷം രൂപ വരെ വില വരുന്ന കാര്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പണമെടുത്ത് വാങ്ങാന്‍ അനുവദിച്ചായിരുന്നു പ്രഖ്യാപനം.

യു.പി നിയമസഭയിലെ 403 എം.എല്‍.എമാരും ഇത് പ്രകാരം കാര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സംസ്ഥാന ഖജനാവില്‍ നിന്നും 81 കോടി പോകുമായിരുന്നു. എം.എല്‍.എ ഫണ്ട് 25 ലക്ഷത്തില്‍ നിന്നും ഒന്നര കോടിയായി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വിവാദ പ്രഖ്യാപനവും വന്നത്. വാങ്ങുന്ന കാര്‍ അഞ്ച് വര്‍ഷത്തിന് ശേഷം സര്‍ക്കാരിന് തിരിച്ചുനല്‍കണമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. സൗജന്യമായി ലാപ് ടോപ്പുകള്‍ നല്‍കാനും യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാനും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് കാര്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്.

നിയമസഭയില്‍ തീരുമാനം കേട്ടയുടന്‍ തന്നെ ബി.ജെ.പി, ബി.എസ്.പി നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി എം.എല്‍.എമാര്‍ ഇത് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തീരുമാനം കൈക്കൊണ്ട് 24 മണിക്കൂറിനുള്ളിലാണ് അത് പിന്‍വലിക്കുന്നത്.

വോട്ടുതേടി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്ത്

- by KERALA IN PIXELS · - 0 Comments

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുതേടി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്തെത്തി. രാവിലെ 11.15ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹമെത്തിയത്.

ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ അദ്ദേഹം മസ്‌കറ്റ് ഹോട്ടലില്‍ എം.എല്‍.എ.മാരെ കണ്ടു. ഉച്ചഭക്ഷണവും അദ്ദേഹം എം.എല്‍.എ.മാരോടൊപ്പമാണ് കഴിച്ചത്.

സംസ്ഥാനത്തുനിന്ന് സി.പി.ഐ, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളുടേതൊഴികെ ബാക്കിയുള്ള എല്ലാ എം.എല്‍.എ.മാരുടെയും വോട്ടുകള്‍ പ്രണബിന് ലഭിക്കും. സി.പി.ഐ.യ്ക്ക് 13-ഉം ആര്‍.എസ്.പിക്ക് രണ്ടും എം.എല്‍.എമാരാണ് സംസ്ഥാനത്തുള്ളത്. ഈ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം.

എം.എല്‍.എ.മാര്‍ പാര്‍ട്ടി തിരിഞ്ഞ് കൂട്ടമായാണ് പ്രണബിനെ സന്ദര്‍ശിച്ചത്. ഇടതുപക്ഷത്തുനിന്ന് സി.പി.എം., ജനതാദള്‍, എന്‍.സി.പി. എന്നീ കക്ഷികളിലെ എം.എല്‍.എമാര്‍ പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു.

Subscribe

Donec sed odio dui. Duis mollis, est non commodo luctus, nisi erat porttitor ligula, eget lacinia odio. Duis mollis

© 2013 IDUKKI VARTHA. All rights reserved.
Designed by SpicyTricks