Recent Articles

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

അനന്തം അവര്‍ണനീയം

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച - by KERALA IN PIXELS · - 0 Comments

ഇതിനെ വിപ്ലവം എന്നു തന്നെ വിളിക്കണം. നിശ്ശബ്ദവിപ്ലവം. സാങ്കേതികവിദ്യാ വികസനം കൊണ്ട് ആര്‍ക്കെന്തുഗുണം...? എന്നു ചോദ്യമുന്നയിക്കുന്നവരോട് സധൈര്യം പറയാനൊരു മറുപടി....ഇന്‍ഫിനിറ്റി.കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ എന്‍ജിനീയറിംഗ് കോളേജുകള്‍ക്കാകെ മാതൃകയാവുകയാണ് എടത്തല കെ.എം.ഇ.എ കോളേജ്. ഒമ്പതു മാസം മുമ്പ് കോളേജില്‍ സ്ഥാപിച്ച ഇന്‍ഫിനിറ്റി സെര്‍വര്‍ , ലോകത്തിനു മുഴുവന്‍ സൗജന്യ വിവരസമ്പാദനത്തിന്റെ വഴികാട്ടിയാവുമ്പോള്‍ അതൊരു പുതിയ ചരിത്രമാവുന്നു. ഫ്രീ സോഫ്ട്‌വെയറിന്റെ വിപ്ലവാചാര്യന്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ' മാമ്മോദീസ ' മുക്കിയ എടത്തലയിലെ ഇന്‍ഫിനിറ്റി സെര്‍വറിന്റെ സേവനം ഇന്ന് ലോകത്തെ നൂറോളം രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അദ്ദേഹം ലോകത്തിനു നല്‍കിയ ട്രൈസ്‌ക്വെല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏഷ്യയിലെ ആദ്യ മിറര്‍ ആയി പ്രവര്‍ത്തിക്കുന്നത് ഇവിടത്തെ സെര്‍വറാണ്.

കെ.എം.ഇ.എ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജേഷ്.വി.ജി പറയുന്നു. ' പ്രൊപ്പൈറ്ററി സോഫ്റ്റ് വെയറിന്റെ ദൂഷ്യവശങ്ങള്‍ മറികടക്കാന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കപ്പെടണം... നമ്മുടെ സാങ്കേതികനേട്ടങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതലായി ഉപയോഗിക്കപ്പെടണം...'

ചെറിയൊരുദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റ്‌ലാബ് പോലുള്ള എന്‍ജിനീയറിംഗ് പഠനസഹായ സോഫ്റ്റ്‌വെയറുകളുടെ അഞ്ച് യൂസര്‍മാര്‍ക്കായുള്ള ഒരു കോപ്പിക്ക് ശരാശരി ഏഴു ലക്ഷം രൂപ വരെയാണ് വില. ഇതേ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാവുന്ന സ്‌കൈലാബ് കെ.എം.ഇ.എ കോളേജിന്റെ ഇന്‍ഫിനിറ്റി സെര്‍വറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അതും അഞ്ചു പൈസ മുടക്കില്ലാതെ. നമുക്ക് വിവരങ്ങള്‍ ലഭിക്കാന്‍ മുന്‍പില്‍ അനായാസ മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെന്തിനാണ് ഇത്രയധികം പണം മുടക്കുന്നത്...?

എന്‍ജിനീയറിംഗ് സോഫ്റ്റ്‌വെയറുകള്‍ക്കു വേണ്ടി ചെലവഴിക്കേണ്ടിവരുന്ന തുകയുടെ ഭീമാകാരമായ കണക്കിന്റെ രൂപം ഡോ.രാജേഷ് വരച്ചു. കേരളത്തില്‍മാത്രം 140 എന്‍ജിനീയറിംഗ് കോളേജുകള്‍ ...ഇവരെല്ലാവരും 7 ലക്ഷം രൂപ വീതം മുടക്കിയാല്‍ എത്രയായി...? ഇന്ത്യയില്‍ എന്‍ജിനീയറിംഗ് കോളേജുകളുടെ ആകെയെണ്ണം 3300 ....അവരെല്ലാവരും ഇതുപോലെ കാശുമുടക്കി സോഫ്റ്റ്‌വെയര്‍ വാങ്ങിയാല്‍ ചെലവഴിക്കപ്പെടുന്ന തുകയെത്രയെന്ന് ചിന്തിക്കാമോ....? ഇന്‍ഫിനിറ്റി പോലുള്ള സൗജന്യ സാങ്കേതികവിദ്യാ സേവനത്തിന്റെ വിജയം ഇവിടെയാണ്.

2012 ജനവരിയിലാണ് കോളേജില്‍ ഇന്‍ഫിനിറ്റി സെര്‍വര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. മാസം തോറും ശരാശരി 35, 000 ഹിറ്റുകള്‍ . എന്നാല്‍ ആഗസ്തില്‍ 51, 075 ഉം സപ്തംബറില്‍ 58,532 ഉം ഹിറ്റ് രേഖപ്പെടുത്തിയതോടെ ഇന്‍ഫിനിറ്റി വന്‍വളര്‍ച്ചയുടെ പാതയിലാണിപ്പോള്‍. ട്രൈസ്‌ക്വെലിന്റെ ആദ്യ ഏഷ്യാ മിറര്‍ എന്നതിനു പുറമെ സ്റ്റാള്‍മാന്റെ തന്നെ ഗ്‌നു(ംചഡ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ മിററായും ഇന്‍ഫിനിറ്റി പ്രവര്‍ത്തിക്കുന്നു. പഞ്ചാബ് ഹാമിര്‍പുര്‍ എന്‍ ഐ ടി യിലാണ് ഉത്തരേന്ത്യന്‍ മിറര്‍.

ഹൈ കപ്പാസിററി ടു-ടെറാബൈററ് മെഷീനിലാണ് സെര്‍വര്‍ പ്രവര്‍ത്തിക്കുന്നത്. 24ത7 സമയക്രമം പാലിച്ചാണ് പ്രവര്‍ത്തനം. ഇതിനായി പ്രത്യേക സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത വൈദ്യുതി ബാക്കപ്പ് , എയര്‍-കണ്ടീഷന്‍ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മികച്ച കണക്ടിവിറ്റിക്കായി ഒരേവേഗത്തില്‍ ഡൗണ്‍ലോഡും അപ്‌ലോഡും സാധ്യമാകുന്ന 1: 1 ഹൈ ബാന്‍ഡ്‌വിഡ്ത്ത് ഡെഡിക്കേറ്റഡ് ലൈനാണ് കോളേജ് വാടകയ്ക്ക് എടുത്തിരിക്കുന്നത് .

യാതൊരുലാഭവും ആഗ്രഹിക്കാതെ ആഗോള ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് കെ.എം.ഇ.എ കോളേജിന്റേതായ സ്വന്തം സംഭാവന എന്ന നിലയിലാണ് മാനേജ്‌മെന്റ് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനായി 10 ലക്ഷം രൂപയോളം കോളേജിന് ചെലവുവന്നു.ഇന്‍ഫിനിറ്റി പ്രവര്‍ത്തനത്തിനുള്ള ദൈനംദിന റെക്കറിംഗ് ചാര്‍ജുകള്‍ വേറെയും.

ഇന്‍ഫിനിറ്റിയുടെ സൗജന്യസേവനം ഉപയോഗപ്പെടുത്തുന്നത് 16 ശതമാനത്തോളം ഇന്ത്യയില്‍ നിന്നു തന്നെയാണ് എന്ന് കണക്കുകള്‍ പറയുന്നു. യു.എസ്.എ , ചൈന , ഓസ്‌ട്രേലിയ, പെറു, ജര്‍മനി, റഷ്യ , ഇക്വഡോര്‍ എന്നീ രാജ്യങ്ങളാണ് ശതമാനക്കണക്കില്‍ പിന്നാലെ. വരും നാളുകളില്‍ കൂടുതല്‍ ആളുകളിലേക്ക് ഇന്‍ഫിനിറ്റിയുടെ സേവനം എത്തിച്ചേരണമെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ ആഗ്രഹം.

ചെറിയ ഐപാഡ് - ആകാംക്ഷയോടെ ആപ്പിള്‍ ആരാധകര്‍

- by KERALA IN PIXELS · - 0 Comments

വലിപ്പംകുറഞ്ഞ ഐപാഡ് എന്നത് ആപ്പിള്‍ ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ്. 'ഐപാഡ് മിനി' എന്ന് മാധ്യമങ്ങള്‍ ഓമനപ്പേര് നല്‍കിയിട്ടുള്ള അത്തരമൊന്ന് അവതരിപ്പിക്കാനുള്ള പ്രത്യേക വാര്‍ത്താസമ്മേളനം ഒക്ടോബര്‍ 23 ന് ആപ്പിള്‍ വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്ഷണിക്കപ്പെട്ട വാര്‍ത്താലേഖകര്‍ക്കായി ഒക്ടോബര്‍ 23 ന് ആപ്പിള്‍ നടത്തുന്ന സ്‌പെഷ്യല്‍ ഇവന്റ് പ്രധാനപ്പെട്ട ഒരു ഉത്പന്നം അവതരിപ്പിക്കാനാണെന്നും, അത് ഐപാഡ് മിനി ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട്, 'ഓള്‍തിങ്‌സ് ഡി' (AllThingsD) എന്ന ടെക് ബ്ലോഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ആപ്പിള്‍ വക്താവ് ഇതെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. അവതരിപ്പിക്കാന്‍ പോകുന്ന ഉത്പന്നത്തെക്കുറിച്ച് യാതൊന്നും മുന്‍കൂട്ടി പറയുന്ന രീതി ആപ്പിളിനില്ല.

മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഒഎസും ടാബ്‌ലറ്റ് കമ്പ്യൂട്ടറും അവതരിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആപ്പിളിന്റെ വാര്‍ത്താസമ്മേളനം എന്നതും ശ്രദ്ധേയമാണ്. വിന്‍ഡോസ് 8 ഒഎസും, സര്‍ഫേസ് ടാബ്‌ലറ്റ് കമ്പ്യൂട്ടറും മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത് ഒക്ടോബര്‍ 26 നാണ്.

ആപ്പിള്‍ ഐപാഡ് മിനി അവതരിപ്പിക്കാന്‍ പോകുന്നതായി വാള്‍ സ്ട്രീറ്റ് വിശകലനവിദഗ്ധര്‍ ഏതാനും മാസങ്ങളായി പ്രവചിച്ചിരുന്നു. ഏഷ്യയില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍നിന്ന് 7.85 ഇഞ്ച് വലിപ്പമുള്ള ചെറിയ ഐപാഡ് കണ്ടതായി, ടൊപിക ക്യാപിറ്റലിലെ ബ്രിയാന്‍ വൈറ്റ് വെളിപ്പെടുത്തുകയുണ്ടായി.

പത്തുലക്ഷം ഐപാഡ് മിനിക്ക് ആപ്പിള്‍ കമ്പനി ഓര്‍ഡര്‍ നല്‍കിയതായി
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

പരമ്പരാഗത ഐപാഡിന്റെ വലിപ്പം 9.7 ഇഞ്ചാണ്. അതിലും കുറഞ്ഞ വലിപ്പവും കുറഞ്ഞ വിലയുമുള്ള ഐപാഡ് ആപ്പിള്‍ അവതരിപ്പിക്കുന്നത്, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ എച്ച്.ഡി, ഗൂഗിള്‍ നെക്‌സസ് 7 എന്നിവയോട് വിപണിയില്‍ നേരിട്ട് മത്സരിക്കാനാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഏഴിഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റുകളാണ് കിന്‍ഡ്ല്‍ ഫയര്‍, നെക്‌സസ് 7 എന്നിവ. രണ്ടിന്റെയും വില അമേരിക്കയില്‍ 199 ഡോളറാണ്.

വിലകുറയ്ക്കാനായി ഐപാഡ് മിനിയില്‍ റെറ്റീന ഡിസ്‌പ്ലെ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈഫൈ മോഡലാകും ഐപാഡ് മിനിയെന്നും സൂചനയുണ്ട്.

അതേസമയം, ഐപാഡ് മിനി വാങ്ങാന്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യവും അമേരിക്കയില്‍ ഉയരുന്നുണ്ട്. 'ടെക്ബാര്‍ഗെയ്ന്‍സ്' (TechBargains) നടത്തിയ അഭിപ്രായസര്‍വ്വെയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ പറഞ്ഞത് ഐപാഡ് മിനി വാങ്ങാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല എന്നാണ്. 18 ശതമാനം പേരാണത്രേ ചെറിയ ഐപാഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചത്.

ലോകത്ത് 600 കോടി മൊബൈല്‍ വരിക്കാര്‍

- by KERALA IN PIXELS · - 0 Comments

ലോകത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം 2011 അവസാനം 600 കോടി തികഞ്ഞതായി യു.എന്‍. ടെലകോം ഏജന്‍സി. അതുപ്രകാരമാണെങ്കില്‍, ഇപ്പോള്‍ ലോകത്തെ മൊത്തം മനുഷ്യരുടെ ഏതാണ്ട് അത്രയും എണ്ണം മൊബൈല്‍ വരിക്കാരും ഉണ്ടാകണം.

അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍സ് യൂണിയന്‍ (ഐ.ടി.യു) ആണ് മൊബൈല്‍ വരിക്കാരുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 155 രാജ്യങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠത്തിന്റെ റിപ്പോര്‍ട്ട്, 'മെഷറിങ് ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി 2012' (Measuring the Information Society 2012) എന്ന പേരിലാണ് പുറത്തിറക്കിയത്.

ഭൂമുഖത്തിപ്പോള്‍ ഏതാണ്ട് 700 കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്. അതില്‍ നൂറുകോടിയിലേറെയും ചൈനയിലാണ്. അതിനര്‍ഥം മൊത്തം മൊബൈല്‍ വരിക്കാരില്‍ നൂറുകോടിയിലേറെയും ചൈനയിലാണ് എന്നാണ്.

മൊബൈലിന്റെ മാത്രമല്ല, ആഗോളതലത്തില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗവും ഐ.ടി.യു.പഠിക്കുകയുണ്ടായി. 2011 അവസാനം ലോകത്ത് ഏതാണ്ട് 200 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടത്.

വികസിതരാഷ്ട്രങ്ങളില്‍ ഏതാണ്ട് 70 ശതമാനം പേര്‍ ഓണ്‍ലൈനിലെത്തുമ്പോള്‍, വികസ്വര രാഷ്ട്രങ്ങളില്‍ അത് 24 ശതമാനം മാത്രമാണ്.

നയന്‍താര തെലുങ്കിലെ മികച്ചനടി; നടന്‍ മഹേഷ് ബാബു

- by KERALA IN PIXELS · - 0 Comments

ഹൈദരാബാദ്: 'ശ്രീരാമരാജ്യം'എന്ന ചിത്രത്തില്‍ സീതയായി അഭിനയിച്ച നയന്‍താര കഴിഞ്ഞവര്‍ഷത്തെ മികച്ച നടിക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ അവാര്‍ഡ് നേടി. മഹേഷ് ബാബുവാണ് മികച്ച നടന്‍. ബാലകൃഷ്ണയായിരുന്നു ഈ ചിത്രത്തില്‍ നായകന്‍. മികച്ച ചിത്രത്തിനുള്ള അവാര്‍ഡും 'രാമരാജ്യം' നേടി. 'ദുക്കുഡു'വില്‍ അഭിനയിച്ച പ്രകാശ്‌രാജാണ് മികച്ച സഹനടന്‍. നാടോടിപ്പാട്ടുകളിലൂടെ പ്രശസ്തനായ ഗദ്ദാറാം(ജയ് ബോലോ തെലുങ്കാന) മികച്ച ഗായകനായി.

മാളവികയാണ് മികച്ച ഗായിക. സ്‌പെഷല്‍ ജൂറി അവാര്‍ഡിന് നാഗാര്‍ജുനയെയും മലയാളി നടി ചാര്‍മിയെയും തിരഞ്ഞെടുത്തു. 'ജയ് ബോലോ തെലുങ്കാന' സംവിധാനംചെയ്ത എന്‍. ശങ്കറാണ് മികച്ച നവാഗത സംവിധായകന്‍. '100 %ലൗവ്' ആണ് മികച്ച ജനപ്രിയചിത്രം. സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റിയാണ് സംസ്ഥാനസര്‍ക്കാറിന്റെ 'നന്തി'അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംസ്ഥാന വാര്‍ത്താവകുപ്പ് മന്ത്രി ഡി.കെ. അരുണയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൃഷിചെയ്യാന്‍ വെള്ളമില്ല; മഞ്ഞക്കുഴി പാടം വരണ്ടുണങ്ങി

- by KERALA IN PIXELS · - 0 Comments

രാജകുമാരി: രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞകുഴി പാടശേഖരം ജലക്ഷാമം മൂലം വരണ്ടുണങ്ങി. നെല്‍വയലുകളിലേക്ക് വെള്ളമെത്തിച്ചിരുന്ന ചെക്ക്ഡാം തകര്‍ന്ന സാഹരച്യത്തില്‍ ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലത്തെ നെല്‍ക്കൃഷിയാണ് നശിക്കുന്നുത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് നെല്‍ക്കൃഷി നടത്തിയത്. ഏതാനും ദിവസം മഴ ലഭിച്ചെങ്കിലും പിന്നീട് വരള്‍ച്ച രൂക്ഷമായി. പാടശേഖരത്തിനോടുചേര്‍ന്ന് നാല്പതുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ചെക്ക്ഡാമിന്റെ വശങ്ങളിടിഞ്ഞും കല്‍ക്കെട്ടുകള്‍ തകര്‍ന്നും കിടക്കുന്നതിനാല്‍ വെള്ളം സംഭരിച്ച് കൃഷിയിടങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല.

അമ്പതേക്കര്‍ വിസ്തൃതിയുണ്ടായിരുന്ന പാടശേഖരം പകുതിയില്‍ത്താഴെയായി ചുരുങ്ങിയിട്ടും കര്‍ഷകരെ സഹായിക്കാന്‍ പദ്ധതിയില്ല. കൃഷി നിലനിര്‍ത്താന്‍ വെള്ളമെങ്കിലും ലഭിച്ചില്ലെങ്കില്‍ നെല്‍ക്കൃഷി ഉപേക്ഷിക്കണ്ടേിവരുമെന്നാണ് കര്‍ഷകരുടെ നിലപാട്. വിത്തും വെള്ളവും വളവും നല്കി കര്‍ഷകരെ സഹായിക്കണമെന്നും കാര്‍ഷികജോലികള്‍ തൊഴിലുറപ്പുപദ്ധതി വഴി നടത്താന്‍ വേണ്ട സഹായം ചെയ്യണമെന്നും പാടശേഖരസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ബീനാമോള്‍റോഡില്‍ അപകടക്കെണി

- by KERALA IN PIXELS · - 0 Comments

അടിമാലി:പണിക്കന്‍ കുടിയില്‍ നിന്ന് പൊന്‍മുടി ഡാം ടോപ്പില്‍ എത്തുന്ന ബീനാമോള്‍ റോഡില്‍ മരക്കാനം ഭാഗത്ത് റോഡിന് വീതിയില്ല. ചെങ്കുത്തായ പ്രദേശം അപകടത്തിന് കാരണമാകുന്നു.
ആ ഭാഗത്ത് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തേക്കും പ്ലാന്റേഷനാണ്.
ഒരു വര്‍ഷം മുന്‍പ് ഇടുക്കി എം.പി.യുടെ നേതൃത്വത്തില്‍ പൊന്‍മുടിയില്‍ പ്രദേശവാസികളുടേയും ജനപ്രതിനിധികളുടേയും യോഗം നടത്തിയിരുന്നു.
ഇവിടത്തെ മരങ്ങള്‍ വെട്ടി മാറ്റി ഗതാഗതം സുഗമമാക്കുന്നതിനെപ്പറ്റി ആലോചിക്കാനായിരുന്നു യോഗം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇവിടത്തെ മരങ്ങള്‍ മുറിക്കുന്നതിന് കേന്ദ്രവന മന്ത്രാലയത്തിന്റെ അനുമതി വേണം. എം.പി.യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രണ്ട് മാസത്തിനകം നടപടി പൂര്‍ത്തിയാക്കി മരങ്ങള്‍ വെട്ടാന്‍ കഴിയുമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
മരക്കാനം പ്രദേശത്തെ പൊന്‍മുടി ഡാം ഏരിയാ കുത്തനെയുള്ള ഇറക്കമാണ്. കൊന്നത്തടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ടാല്‍ ഡാമിലാവും പതിക്കുക. ഇതിനെ പ്രതിരോധിക്കാന്‍ ഡാമിന് സമീപത്തെ റോഡില്‍ സംരക്ഷണഭിത്തിയും നിര്‍മ്മിച്ചിട്ടില്ല.
റോഡില്‍ തേക്ക് മരങ്ങള്‍ നില്‍ക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുക ദുരിതമാണ്.

Subscribe

Donec sed odio dui. Duis mollis, est non commodo luctus, nisi erat porttitor ligula, eget lacinia odio. Duis mollis

© 2013 IDUKKI VARTHA. All rights reserved.
Designed by SpicyTricks