2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

ഹരി'യാന'യെ തളയ്ക്കാന്‍ കേരളം വിയര്‍ക്കുന്നു

ലഖ്‌നൗ:ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ താപ്പാനയാണ് കേരളം.

എല്ലാവരെയും മെരുക്കി മാത്രമാണ് ശീലം. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം. ലഖ്‌നൗ ജി.ജി.എസ്. സ്റ്റേഡിയത്തില്‍ ഓരോ പോയന്റിനുംവേണ്ടി ടെന്‍ഷനടിച്ചുള്ള കാത്തിരിപ്പിലാണിപ്പോള്‍ കേരളാ താരങ്ങളും ടീം മാനേജ്‌മെന്റും.

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് നാളും 71 മത്സരയിനങ്ങളും പൂര്‍ത്തിയാവുമ്പോള്‍ 278 പോയന്റുമായി ഹരിയാണ മുന്നില്‍ക്കടന്നു. 267.5 പോയന്റുമായി കേരളമിപ്പോള്‍ രണ്ടാം സ്ഥാനത്താണ്. യുപി ( 175 ) മൂന്നാമത് തുടരുന്നു. ചൊവ്വാഴ്ച നടക്കുന്ന 4-100 റിലേ, 200 മീ. സ്പ്രിന്റ്, ട്രിപ്പിള്‍ ജമ്പ് ഫൈനലുകളിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷകള്‍.

മീറ്റിന്റെ മൂന്നാം ദിവസം 3 സ്വര്‍ണവും 4 വീതം വെള്ളിയും വെങ്കലവും ഉള്‍പ്പടെ 11 മെഡലുകള്‍ കൂടി നേടി കേരളം ആകെ മെഡല്‍ നേട്ടം 39 ആക്കി വര്‍ധിപ്പിച്ചെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിച്ച ഹരിയാണ 4 സ്വര്‍ണം 8 വെള്ളി 2 വെങ്കലം എന്നിവ കൂട്ടിച്ചേര്‍ത്ത് മെഡല്‍ശേഖരം 44-ലേക്കുയര്‍ത്തി.

നടത്തത്തിലും ഡിസ്‌കസ്സിലും ദേശീയ റെക്കോഡ്

രണ്ട് പുതിയ റെക്കോഡുകള്‍ കൂടി പിറവിയെടുത്തതോടെ 28-ാം ജൂനിയര്‍ മീറ്റില്‍ ഇതുവരെ തിരുത്തപ്പെട്ട ദേശീയറെക്കോഡുകള്‍ അഞ്ചായി. ബോയ്‌സ്-16-ന്റെ 5 കി.മീ. നടത്തത്തില്‍ യു.പി.യുടെ അങ്കിത് കുമാറാണ് ( 22 മി. 17.15 സെ) പുതിയ റെക്കോഡ് സൃഷ്ടിച്ചത്. ഗേള്‍സ് 18 ഡിസ്‌കസ്സ് ത്രോയില്‍ പഞ്ചാബിന്റെ നവ്ജിത് കൗറും ( 49.54 മീ. ) പുതിയ ദേശീയ മാര്‍ക്ക് സൃഷ്ടിച്ചു. ഈ രണ്ട് റെക്കോഡുകളുള്‍പ്പെടെ 6 പുതിയ മീറ്റ് റെക്കോഡുകള്‍ക്കും മൂന്നാം ദിനം സാക്ഷ്യം വഹിച്ചു.

അഥീന വിജയദേവത

ഗ്രീക്കുകാരുടെ വിജയദേവതയാണ് അഥീന. ലഖ്‌നൗ ജി.ജി.എസ്. സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച കേരളത്തിന്റെ വിജയദേവതയായി മാറുകയായിരുന്നു പാലക്കാട്ടുകാരി അഥീന.

തലേന്ന് അനുജത്തി അംഗീതയായിരുന്നു താരമെങ്കില്‍ ഇന്നലെ ചേച്ചി അഥീനയുടെ ഊഴമായിരുന്നു. അണ്ടര്‍-20 ഗേള്‍സ് 100 മീ. ഹര്‍ഡില്‍സില്‍ കൊല്ലം എസ്.എന്‍. കോളേജ് വിദ്യാര്‍ഥിനി സ്വര്‍ണത്തിലേക്ക് പറന്നെത്തുമ്പോള്‍ (14.73 സെ) ആശ്വസിച്ചത് കേരളമൊന്നാകെയാണ്. മീറ്റിന്റെ മൂന്നാം ദിനം ഉച്ചതിരിഞ്ഞ് 2.45 ആവുമ്പോഴും പേരിനൊരു സ്വര്‍ണം പോലും നമുക്കുണ്ടായിരുന്നില്ല.
കൊല്ലം സെന്‍ട്രലൈസ്ഡ് ഹോസ്റ്റലിന്റെ ട്രെയിനിയായ അഥീന ദേശീയ ജൂനിയര്‍ മീറ്റുകളിലാകെ നേടുന്ന നാലാം സ്വര്‍ണമെഡലാണിത്. ജൂനിയര്‍ തലത്തില്‍ ഇത് അവസാന അവസരവും. കേരളാ ഗേള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ലഖ്‌നൗവില്‍ അഥീന. പാലക്കാട് കൊല്ലങ്കോട് പുളിക്കല്‍ പൊറ്റക്കുളം വീട്ടില്‍ ഗംഗാധരന്റെയും സ്മിതയുടെയും മകള്‍. കൊല്ലങ്കോട് ടെലി. എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനാണ് ഗംഗാധരന്‍.

കടമ്പകള്‍ കടന്ന് അഖില്‍

മൂന്നാം ദിനം കേരളത്തിന്റെ മൂന്നാം സ്വര്‍ണം നേടിയത് ബോയ്‌സ് (20) 110 ഹര്‍ഡില്‍സില്‍ കോഴിക്കോട് സായിയിലെ അഖില്‍ ജോണ്‍സനാണ്. ( 14.44 സെ) എറണാകുളം പറവൂര്‍ ചേന്ദമംഗലം കുരിശിങ്കല്‍ ജോണ്‍സന്റെ പുത്രന്‍ അഖില്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. പോയവര്‍ഷം റാഞ്ചി മീറ്റില്‍ ഇതേയിനത്തില്‍ ലഭിച്ച വെള്ളിയാണ് അഖില്‍ ഇവിടെ സ്വര്‍ണമാക്കി മെച്ചപ്പെടുത്തിയത്.

വെറുതെ നടന്ന മേരിയും താരമായി

ചേച്ചി കൊച്ചുത്രേസ്യ ജില്ലാ സ്‌കൂള്‍ മീറ്റില്‍ നടത്തമത്സരത്തിനിറങ്ങിയപ്പോള്‍ കൂടെ മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ മത്സരം മുടങ്ങേണ്ടെന്നുകരുതി കൂടെ നടന്നതാണ് മേരി. ദാ... ഇപ്പോള്‍ ലഖ്‌നൗ ദേശീയ ജൂനിയര്‍ മീറ്റില്‍ കേരളത്തിനുവേണ്ടി വെള്ളിമെഡല്‍ ജേത്രിയാവുന്നിടംവരെ കാര്യങ്ങളെത്തിയിരിക്കുന്നു.

ആലപ്പുഴ അര്‍ത്തുങ്കല്‍ കൊച്ചീക്കാരന്‍ വീട്ടില്‍ ജോണ്‍-പൊന്നമ്മ ദമ്പതിമാരുടെ മകളാണ് മേരി മാര്‍ഗരറ്റ്. ചേര്‍ത്തല സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലെ വിദ്യാര്‍ഥിനി. ഗേള്‍സ് (18) 5 കി.മീ നടത്തത്തിലാണ് ഭാഗ്യവഴിയേ മേരിക്കൊരു വെള്ളികിട്ടിയത്. ഈയിനത്തില്‍ സ്വര്‍ണം നേടാന്‍ ഏറ്റവും സാധ്യതകള്‍ കല്പിച്ചിരുന്ന കേരളത്തിന്റെ എ.എം.ബിന്‍സിയെയും മറ്റ് രണ്ട് പേരെയും അയോഗ്യരാക്കിയതിനെത്തുടര്‍ന്നാണ് മേരി മാര്‍ഗരറ്റ് വെള്ളിയിലേക്കെത്തിയത്. എതിരാളികളെ എല്ലാവരെയും 100 മീറ്ററിലേറെ വ്യത്യാസത്തില്‍ പിന്നിലാക്കി ഫിനിഷ് ചെയ്തപ്പോഴാണ് ബിന്‍സിയെ അയോഗ്യയാക്കിയ കാര്യം ഒഫീഷ്യല്‍സ് അറിയിച്ചത്. നടത്തത്തിനിടെ നേരത്തേ രണ്ട് തവണ ബിന്‍സിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു. ഈയിനത്തില്‍ നിലവിലെ സംസ്ഥാന ചാമ്പ്യന്‍
കൂടിയാണ് ബിന്‍സി.

Tags:

Subscribe

Donec sed odio dui. Duis mollis, est non commodo luctus, nisi erat porttitor ligula, eget lacinia odio. Duis mollis

© 2013 IDUKKI VARTHA. All rights reserved.
Designed by SpicyTricks